Stories by Ashwin Anto K S on Medium
അയാളുടെ മുറിയിൽ സമയത്തിന് ഒരേ ഒഴുക്കായിരുന്നില്ല. ചുവരിലെ ഘടികാരങ്ങൾ പല വേഗതയിൽ ചലിച്ചുകൊണ്ടിരുന്നു; ചിലത് ഭൂതകാലത്തിലേക്ക് പിന്നോട്ട് നടന്നു, ചിലത് വർത്തമാനകാലത്തിൽ മരവിച്ചുനിന്നു. കാലത്തിന്റെ ശില്പിയായി ജീവിക്കുമ്പോഴും, കേടായ യന്ത്രങ്ങളെ വിരൽത്തുമ്പുകൊണ്ട് ജീവിപ്പിക്കുമ്പോഴും, സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആ ഒരു നിമിഷത്തെ മാത്രം അയാൾക്ക് തിരിച്ചുപിടിക്കാൻ കഴിഞ്ഞിരുന്നില്ല. മുറിയുടെ കോണിലെ പഴയ പിയാനോയ്ക്ക് മുകളിൽ ഇലകൾ പൊഴിച്ചുകൊണ്ടിരുന്ന ആ ചെറിയ ബോൺസായ് മരത്തിൽ ഒരിക്കലും വസന്തം വന്നതുമില്ല. ‘ചില മനുഷ്യർ സ്നേഹിക്കുന്നത് വേരുകൾ കൊണ്ടാണ്, പുഷ്പങ്ങൾ കൊണ്ടല്ല; വേരുകൾ എപ്പോഴും ഇരുട്ടിലാണ്, അതുകൊണ്ട് ആ സ്നേഹം ആരും കാണാറില്ല — അത് അനുഭവിക്കുന്നവർ പോലും’ എന്ന് അയാൾ തന്റെ ഡയറിയിൽ കുറിക്കുമ്പോൾ അത് വെറുമൊരു വരിയായിരുന്നില്ല, മറിച്ച് അയാൾ നന്നാക്കാൻ ശ്രമിക്കുന്ന, എന്നാൽ ഒടുവിൽ തകർത്തു കളഞ്ഞ ഒരു അദൃശ്യ പ്രപഞ്ചത്തിന്റെ ആത്മഗതമായിരുന്നു.
ഒരേ മുറിയിൽ ഒരേ വായു ശ്വസിക്കുമ്പോഴും രണ്ട് മനുഷ്യരുടെ ഉള്ളിലെ പ്രപഞ്ചങ്ങൾ തമ്മിലുള്ള ദൂരം അളക്കാൻ പ്രകൃതിയിൽ ഒരു അളവുകോലുമില്ല എന്ന് അയാൾ വൈകിയാണ് തിരിച്ചറിഞ്ഞത്. തനിക്കറിയാവുന്ന ശാസ്ത്ര സമവാക്യങ്ങൾ കൊണ്ട് അവളുടെ മൗനങ്ങളെ തരംതിരിക്കാൻ നോക്കിയപ്പോഴൊക്കെയും അയാൾ പരാജയപ്പെടുകയായിരുന്നു. മനുഷ്യന്റെ വികാരങ്ങൾ എന്നത് തലച്ചോറിലെ ചില പ്രവർത്തനങ്ങൾ മാത്രമാണെന്ന് അഹങ്കരിച്ച അയാൾക്ക്, ഒരു മിന്നാമിനുങ്ങിന്റെ വെളിച്ചം പോലെ നിസ്സാരമെന്ന് തോന്നിയ അവളുടെ സാന്നിധ്യം, തന്റെ ആത്മാവിന്റെ താളം തെറ്റിക്കുമെന്ന് പ്രവചിക്കാനായില്ല. നാം ഒരു വസ്തുവിനെ എത്രത്തോളം ഇടുങ്ങിയ ചട്ടക്കൂടിലേക്ക് ഒതുക്കാൻ ശ്രമിക്കുന്നുവോ, അത്രത്തോളം ആ വസ്തു നമ്മിൽ നിന്നും ദൂരേക്ക് വഴുതിപ്പോകുമെന്ന ലളിതമായ സത്യം മനസ്സിലാക്കാൻ അയാളുടെ വായനകൾക്കൊന്നുമായില്ല. അവളോടൊപ്പമുള്ള നിമിഷങ്ങളിൽ അയാൾ നന്നാക്കിയെടുത്ത ഓരോ ഘടികാരവും യഥാർത്ഥത്തിൽ സമയത്തെയല്ല, മറിച്ച് തന്റെ തന്നെ ഉള്ളിലെ അപൂർണ്ണതകളെയായിരുന്നു തുന്നിച്ചേർത്തിരുന്നത്.
അവൾ അയാളുടെ ജീവിതത്തിലേക്ക് വന്നത് ഒരു ശബ്ദതരംഗമായിട്ടായിരുന്നു. പ്രകൃതിയിലെ എല്ലാ ചലനങ്ങളുടെയും സംഗീതം തിരിച്ചറിയാൻ കഴിയുന്ന അപൂർവ്വമായൊരു ആന്തരികശ്രവണം അവൾക്കുണ്ടായിരുന്നു. മഴ പെയ്യുന്നതിന് തൊട്ടുമുമ്പ് വായുവിലുണ്ടാകുന്ന വ്യത്യാസത്തിന്റെ മന്ത്രണം പോലും അവൾ കേൾക്കുമായിരുന്നു. പക്ഷേ, അയാൾ തന്റെ ശാസ്ത്രത്തിന്റെ അതിരുകൾക്കുള്ളിൽ പ്രകൃതിയുടെ സ്വാഭാവിക താളങ്ങളെ തളച്ചിട്ട്, നിശബ്ദതയുടെ സമ്പൂർണ്ണ രൂപം കണ്ടെത്താനുള്ള കഠിനശ്രമത്തിലായിരുന്നു. “നിങ്ങൾ ഈ ചെയ്യുന്നത് വായുവിനെ ശ്വാസം മുട്ടിക്കലാണ്, ശബ്ദമില്ലായ്മ അല്ല ശാന്തത, അത് എല്ലാ ശബ്ദങ്ങളെയും ഉൾക്കൊള്ളുന്ന സമഗ്രതയാണെന്ന്” അവൾ ഓർമ്മിപ്പിച്ചിട്ടും തന്റെ അമിതമായ ആത്മവിശ്വാസത്തിൽ അയാൾ ആ സ്നേഹത്തിന്റെ തരംഗങ്ങളെ മനഃപൂർവ്വം അവഗണിച്ചു. ഒടുവിൽ, അയാൾ നിർമ്മിച്ച നിശബ്ദതയുടെ കനത്ത മതിൽക്കെട്ടുകൾക്കുള്ളിൽ അവൾക്ക് നിൽക്കാൻ ഒരിടം പോലും നൽകാതെ അയാൾ അവളെ അവിടെനിന്നും പടിയിറക്കിവിട്ടു. അത്, ഈ പ്രപഞ്ചത്തിൽ നിന്ന് അവൾ എന്ന വ്യക്തിയുടെ എല്ലാ സ്പന്ദനങ്ങളും മായിച്ചുകളയുകയായിരുന്നു.
നഷ്ടബോധത്തിന്റെ ആദ്യ നാളുകളിൽ , അയാൾക്ക് ചുറ്റുമുള്ള ശൂന്യതയ്ക്ക് ഇരുമ്പിനേക്കാൾ ഖനമുണ്ടായിരുന്നു. മനുഷ്യൻ തന്റെ തെറ്റുകളെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് സ്വന്തം മനസ്സിന്റെ തകർച്ചയെ തടഞ്ഞുനിർത്താനുള്ള ഒരു പ്രതിരോധ തന്ത്രം മാത്രമാണെന്ന് അയാൾക്ക് ബോധ്യപ്പെട്ടുതുടങ്ങി. ഓർമ്മകളുടെ ഓരോ കോണിലും അവളുടെ ശബ്ദത്തിന്റെ പ്രതിധ്വനികൾ തങ്ങിനിന്നിരുന്നു; അത് കേൾക്കാതിരിക്കാൻ അയാൾ സ്വന്തം ചെവികൾ പൊത്തിപ്പിടിച്ചെങ്കിലും, ശബ്ദം വരുന്നത് പുറത്തുനിന്നല്ല, തന്റെ തന്നെ മനസ്സിന്റെ ആഴങ്ങളിൽ നിന്നാണെന്ന് അയാൾ തിരിച്ചറിഞ്ഞു. ചില രാത്രികളിൽ അയാൾ സ്വയം ചോദിക്കുമായിരുന്നു: ‘ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ പൂർണ്ണമായി ഇല്ലാതാക്കുന്നത് എപ്പോഴാണ്? അവർ മരിക്കുമ്പോഴോ, അതോ നാം അവരെ നമ്മുടെ ഓർമ്മകളിൽ നിന്ന് മനഃപൂർവ്വം മായ്ച്ചുകളയുമ്പോഴോ?’ അവൾ തിരിച്ചുവരില്ല എന്ന യാഥാർത്ഥ്യം ഒരു പാറപോലെ നെഞ്ചിൽ കിടക്കുമ്പോഴും, ‘ഒരുപക്ഷേ…’ എന്ന ഒരൊറ്റ വാക്കിൽ കെട്ടിപ്പൊക്കിയ ഒരു സമാന്തര ലോകത്തായിരുന്നു അയാൾ പിന്നീട് ജീവിച്ചത്. ആ ലോകത്ത് തോൽവികളില്ലായിരുന്നു, അവിടെ വിരഹത്തിന്റെ വേദന പോലും ഒരുതരം ആത്മീയമായ ലഹരിയായി മാറി.
അവൾ പോയതിന് ശേഷമാണ് താൻ നിർമ്മിച്ച നിശബ്ദത യഥാർത്ഥത്തിൽ സ്വന്തം ഓർമ്മകളെയും സന്തോഷത്തെയും വിഴുങ്ങിക്കളയുന്ന ഒരു തമോഗർത്തമായിരുന്നു എന്ന് അയാൾ തിരിച്ചറിയുന്നത്. വരാനിരിക്കുന്ന വലിയൊരു ദുഃഖത്തെ മുൻകൂട്ടി കണ്ട്, ആ ബോധ്യത്തിൽ ജീവിക്കുന്ന ഒരുതരം നിസ്സഹായത അയാളെ പൂർണ്ണമായും കീഴ്പ്പെടുത്തിയിരുന്നു. അവൾ ഇനി ഒരിക്കലും മടങ്ങിവരില്ല എന്ന് അയാളുടെ ചിന്തകൾ സദാ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു; കാരണം അവൾ തളച്ചിടാൻ കഴിയാത്ത പ്രകൃതിയുടെ ഒരു നിയമമായിരുന്നു. ഒരിക്കൽ തല്ലിക്കെടുത്തിയ വസന്തം അതേ കൊമ്പിൽ വീണ്ടും തളിർക്കില്ലെന്ന പരമാർത്ഥം അയാളുടെ ഉള്ളം തിരിച്ചറിഞ്ഞിരുന്നു. എങ്കിലും, അയാളുടെ മനസ്സ് ആ പരമാർത്ഥത്തെ പ്രതിരോധിക്കാൻ മറ്റൊരു യാഥാർത്ഥ്യം സൃഷ്ടിച്ചെടുത്തു. അയാൾ തന്റെ വീടിന്റെ ജനാലകൾ എപ്പോഴും തുറന്നിട്ടു; കാറ്റ് വരുമ്പോൾ കർട്ടനുകൾ അനങ്ങുന്നത്, അവൾ കടന്നുവരുന്നതാണെന്ന് അയാൾ സങ്കൽപ്പിച്ചു. അവൾ വരാൻ ഒരു സാധ്യതയുമില്ല എന്ന സത്യത്തെ ‘വരും’ എന്ന തീവ്രമായ പ്രതീക്ഷ കൊണ്ട് മറികടക്കാൻ ശ്രമിക്കുമ്പോൾ, ആ പ്രതീക്ഷ ഒരു ഭ്രാന്തല്ലായിരുന്നു, മറിച്ച് അയാൾക്ക് ജീവിക്കാനുള്ള ഏക ഇന്ധനമായിരുന്നു.
അവൾ പ്രപഞ്ചത്തിന്റെ മറ്റേതോ കോണിലിരുന്ന് ശ്വാസമെടുക്കുമ്പോൾ പോലും, ഇവിടെ തന്റെ മുറിയിലെ മെഴുകുതിരിവെളിച്ചം ആ സാന്നിധ്യമറിഞ്ഞ് വിറയ്ക്കുന്നുണ്ടെന്നും, തങ്ങൾ തമ്മിൽ അകന്നിട്ടില്ല, പ്രകൃതിയുടെ ഇരുവശങ്ങളിലേക്ക് പടരുക മാത്രമാണ് ചെയ്തതെന്നും അയാൾ വിശ്വസിച്ചു. പിന്നീട് മനുഷ്യരുടെ ഘടികാരങ്ങൾ നന്നാക്കുന്നത് അവസാനിപ്പിച്ച്, ഉണങ്ങിപ്പോയ മരങ്ങളുടെ വേരുകളിലേക്ക് സംഗീതം കടത്തിവിട്ടുകൊണ്ട്, താൻ കാരണം നഷ്ടപ്പെട്ട പ്രണയത്തിന്റെ പ്രായശ്ചിത്തമായി അയാൾ ചുറ്റുമുള്ള ലോകത്തെ സ്നേഹിക്കാൻ തുടങ്ങി; ആ സ്നേഹം പ്രകൃതിയിലൂടെ സഞ്ചരിച്ച് എപ്പോഴെങ്കിലും അവളുടെ കാതുകളിൽ ഒരു നേർത്ത മന്ത്രണമായി എത്തുമായിരിക്കാം.
പ്രണയത്തിന്റെ മൂല്യം എന്നത് അതിന്റെ സാന്നിധ്യത്തിലല്ല, മറിച്ച് അത് അവശേഷിപ്പിച്ചു പോകുന്ന ശൂന്യതയെ നാം എങ്ങനെ അഭിമുഖീകരിക്കുന്നു എന്നതിലാണ് എന്ന് അയാൾ ലോകത്തെ പഠിപ്പിച്ചു. ഉണങ്ങിയ വേരുകളിലേക്ക് സംഗീതം പകർന്നുനൽകിയപ്പോൾ, അയാൾ യഥാർത്ഥത്തിൽ ആ മരങ്ങളെയായിരുന്നില്ല ജീവിപ്പിച്ചത്, മറിച്ച് തന്റെ ഉള്ളിൽ മരവിച്ചുപോയ സ്നേഹത്തെയായിരുന്നു. ഈ പ്രപഞ്ചത്തിൽ ഒന്നും തന്നെ പൂർണ്ണമായി നശിക്കുന്നില്ല, അത് രൂപം മാറുന്നു എന്ന് മാത്രം; അവളോടുള്ള പ്രണയം ഇപ്പോൾ അയാളിൽ ഒരു കാത്തിരിപ്പിന്റെ രൂപം സമ്മാനിച്ചിരിക്കുന്നു. ആ കാത്തിരിപ്പിൽ പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു. തന്നെത്തന്നെ ഇല്ലാതാക്കിക്കൊണ്ട് മറ്റൊന്നിന് ജീവൻ നൽകുന്ന ഒരു പ്രകൃതിനിയമം പോലെ, അയാളുടെ ഓർമ്മകൾ അവളെ കൂടുതൽ മനോഹരമായ പുതു സൃഷ്ടിയായി മാറ്റിക്കൊണ്ടിരുന്നു.
ഋതുക്കൾ മാറിമറിഞ്ഞ പ്രയാണത്തിൽ അയാളുടെ മൗനങ്ങൾക്ക് പ്രായമേറുകയും, ശിരസ്സിൽ കാലത്തിന്റെ വെള്ളിനൂലുകൾ പടരുകയും ചെയ്തു. ചുവരിലെ ഘടികാരങ്ങളെല്ലാം ഒടുവിൽ ശൂന്യതയുടെ സമയം ഒരേപോലെ കാണിക്കാൻ തുടങ്ങിയ ഒരു വൈകുന്നേരം, മുറ്റത്ത് പെയ്ത മഴയുടെ ശബ്ദത്തിന് പെട്ടെന്നൊരു മാറ്റം. അത് വെറുമൊരു മഴയായിരുന്നില്ല, വർഷങ്ങൾക്ക് മുമ്പ് അവൾ പറഞ്ഞ അതേ താളമായിരുന്നു അതിന്. അയാൾ പതിയെ ജനാലയ്ക്കരികിലേക്ക് നടന്നു നോക്കിയപ്പോൾ, പുറത്ത് ആരുമുണ്ടായിരുന്നില്ലെങ്കിലും, പിയാനോയുടെ മുകളിലിരുന്ന, വസന്തം വറ്റിയ ആ ബോൺസായ് മരത്തിന്റെ ഇലച്ചാർത്തുകൾക്കിടയിൽ നിന്ന് ഒരു പുതിയ തളിരില പുറത്തേക്ക് വരുന്നത് അയാൾ കണ്ടു. അവൾ തിരിച്ചുവന്നില്ലായിരിക്കാം, പക്ഷേ കാത്തിരിപ്പിന്റെ ആത്മീയമായ ആഴം കൊണ്ട് അയാൾ പ്രകൃതിയെത്തന്നെ അവളെപ്പറ്റിയുള്ള ഓർമ്മകളാൽ പുനഃസൃഷ്ടിച്ചു. ആ പുതിയ തളിരിലയിലേക്ക് അയാൾ വിരൽ തൊട്ടു; വർഷങ്ങൾക്ക് മുൻപ് അവളെ നഷ്ടപ്പെടുത്തിയ അതേ നിമിഷത്തിലേക്ക് അയാളുടെ ചുവരിലെ എല്ലാ ഘടികാരങ്ങളും ഒരേസമയം പിന്നോട്ട് സഞ്ചരിക്കാൻ തുടങ്ങി. അവിടെ ഒരുപക്ഷേ സമയവും പ്രണയവും ഒന്നായിത്തീരുന്നതായിരിക്കാം. തൊട്ടടുത്ത നിമിഷം, ഘടികാരങ്ങളുടെ ചലനം പൂർണ്ണമായും നിലച്ചു; ചുവരുകളിലെ ഘടികാരങ്ങളിൽ നിന്ന് സൂചികൾ ഒന്നൊന്നായി താഴേക്ക് അടർന്നു വീണു. മുറിയിലെ ഇരുണ്ട നിശബ്ദതയെ ഭേദിച്ച്, ആ ബോൺസായ് മരത്തിൽ നിന്നും വസന്തത്തിൻ ഒരായിരം പൂക്കൾ വിരിഞ്ഞു തുടങ്ങി.
Ashwin Anto K S
© 2026. All rights reserved by the author.
പെയ്തുതീരാത്ത മഴകൾക്കും പറഞ്ഞുതീരാത്ത ദുഃഖങ്ങൾക്കും ഒരേ നിറമായിരിക്കണം; അന്നത്തെ ആകാശം ആ നിറത്തിലായിരുന്നു. ഇടയ്ക്കിടെ വീശിയ തണുത്ത കാറ്റിന് വരാനിരിക്കുന്ന മഴയുടെ മണമായിരുന്നില്ല, മറിച്ച് ഒരു ആയുസ്സിന്റെ മുഴുവൻ ഈർപ്പവും വലിച്ചെടുത്ത മരവിപ്പിന്റെ ഗന്ധമായിരുന്നു.
വീട്ടുമുറ്റത്ത് ആളുകൾ നിശബ്ദരായി കൂട്ടംകൂടിയിരുന്നു. ഉമ്മറത്ത് വെള്ളത്തുണികൊണ്ട് മൂടിയ അമ്മയുടെ ശരീരം ചലനമറ്റ് കിടക്കുന്നു. അഗർബത്തിയുടെ പുകപടലങ്ങളും, പതിഞ്ഞ ശബ്ദത്തിലുള്ള സംസാരങ്ങളും ആ വീട്ടിലെ പഴയ ചുവരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു. മറന്നുപോയ ചിരികളുടെയും മാഞ്ഞുപോകാത്ത ഓർമ്മകളുടെയും ഇടയിലേക്ക്, ഏറെ വർഷങ്ങൾക്കുശേഷം ആ വീട് വീണ്ടും അവരുടെ കാൽച്ചുവടുകൾ കേട്ടു; അരുൺ, മായ, ദേവൻ.
ഒരേ മുറ്റത്ത് ഒരുമിച്ച് ഓടിക്കളിച്ചവർ, ഒരേ മുലപ്പാലിന്റെ മധുരമറിഞ്ഞ് വളർന്നവർ. പക്ഷേ, കാലം അവരുടെ ഇടയിലൂടെ കടന്നുപോയപ്പോൾ ഒരേ വേരിൽ നിന്ന് മുളച്ച ആ മൂന്ന് ശാഖകളും മൂന്ന് ദിശകളിലേക്ക് വളർന്നുമാറിയിരുന്നു. ഇന്ന് ഒരേ മേൽക്കൂരയ്ക്ക് കീഴിൽ നിൽക്കുമ്പോഴും, അവർക്കിടയിലെ ദൂരം അളക്കാൻ കഴിയാത്തത്ര വലുതായിരുന്നു. കാലം അവരെ പരസ്പരം മുഖമറിയാത്ത അപരിചിതരാക്കി മാറ്റിയിരുന്നു.
സ്നേഹത്തിന്റെ തണൽ വീണുകിടന്ന ആ മുറ്റത്ത് അച്ഛന്റെ അഭാവം നിറഞ്ഞതോടെ, അവർ തുറന്നുപിടിച്ചത് ഓർമ്മകളുടെ നിധിപ്പെട്ടി ആയിരുന്നില്ല; മറിച്ച് മൺതരികളുടെയും സമ്പാദ്യങ്ങളുടെയും കണക്കുപുസ്തകമായിരുന്നു. അതിരുകൾ തിരിച്ച് മണ്ണു പങ്കിട്ടപ്പോൾ, അവിടെ മുറിഞ്ഞുപോയത് അവരുടെ മനസ്സുകൾ കൂടിയായിരുന്നു. അതിനുശേഷവും അമ്മ മാത്രമായിരുന്നു എല്ലാവരുമായും സംസാരിച്ചിരുന്നത്. അമ്മ ജീവിച്ചിരുന്നപ്പോൾ, തുന്നിക്കൂട്ടാൻ നോക്കിയ ഒരു പഴയ തുണിപോലെ അവരെ ഒരുമിച്ച് നിർത്താൻ ഒരുപാട് ശ്രമിച്ചിരുന്നു. ഒന്നിച്ചിരുന്ന് ഒന്നുണ്ണാൻ, പഴയതുപോലെ ഒന്ന് ചിരിക്കാൻ അമ്മ അവരെ പലവട്ടം ഈ ഉമ്മറത്തേക്ക് വിളിച്ചുകൂട്ടി. പക്ഷേ, ആ കൂടിക്കാഴ്ചകളൊന്നും സ്നേഹത്തിന്റെ പുനർജനിയായില്ല. പകരം, ഓരോ വട്ടവും അവർ കണ്ടുമുട്ടിയപ്പോൾ പഴയ ചാരത്തിൽ നിന്ന് വീണ്ടും തർക്കങ്ങളുടെ തീപ്പൊരികൾ ഉയർന്നു. മാഞ്ഞുതുടങ്ങിയ പഴയ മുറിവുകളെ വീണ്ടും കീറിമുറിച്ച്, കൂടുതൽ ആഴമുള്ള സങ്കടങ്ങൾ മാത്രം ബാക്കിയാക്കിയാണ് ഓരോ കൂടിക്കാഴ്ചയും അവസാനിച്ചത്. ഒടുവിൽ, തങ്ങൾക്കിടയിൽ സംസാരിക്കാൻ ഇനി സ്നേഹത്തിന്റെ ഒരു വാക്ക് പോലുമില്ലെന്ന് തിരിച്ചറിഞ്ഞ് അവർ പരസ്പരം മൗനത്തിന്റെ മതിൽക്കെട്ടുകൾ തീർത്തു. ഇപ്പോൾ ഇതാ, അവരെ തുന്നിച്ചേർക്കാൻ ശ്രമിച്ച ആ കൈകളും മാഞ്ഞുപോയിരിക്കുന്നു.
മരണത്തിന്റെ നിശബ്ദത അവശേഷിപ്പിച്ചുകൊണ്ട് ആൾക്കൂട്ടം ഒന്നൊന്നായി മടങ്ങിത്തുടങ്ങി. ഒടുവിൽ ആ വലിയ വീട്ടിൽ, ഇരുട്ടിന്റെ നിഴലുകൾക്കിടയിൽ അവർ മൂന്നുപേരും മാത്രമായി.
“അമ്മയുടെ അലമാരയിലുള്ളതൊക്കെ ഒന്ന് എടുത്തു നോക്കണം…” മൗനം ഭേദിച്ചുകൊണ്ട് അരുൺ പറഞ്ഞു. അവന്റെ ശബ്ദത്തിൽ അധികാരത്തേക്കാൾ കൂടുതൽ വറ്റിവരണ്ട ഒരു തളർച്ചയായിരുന്നു. മായ ഒന്നും മിണ്ടിയില്ല, ഒരു യാന്ത്രികചലനം പോലെ നിശബ്ദമായി തലയാട്ടി. ഇളയവൻ ദേവൻ അപ്പോഴും ജനാലയ്ക്കരികിൽത്തന്നെയായിരുന്നു; താഴേക്ക് പെയ്യാൻ വെമ്പുന്ന കറുത്ത മഴമേഘങ്ങളെയും നോക്കി, ജനൽ കമ്പികളിൽ കൈകൾ മുറുക്കി അവൻ നിന്നു.
അമ്മയുടെ മുറി… അതിന് മാത്രം ഒരു മാറ്റവും സംഭവിച്ചിരുന്നില്ല. കാലം അവിടെ സ്തംഭിച്ചു നിന്നതുപോലെ തോന്നി. പ്രായത്തിന്റെ ജീർണ്ണത ബാധിച്ച, കറപ്പേറിയ പഴയ തേക്കുമര അലമാര. ഒതുക്കിവെച്ച സങ്കടങ്ങൾ പോലെ മൂലയിൽ മടക്കിവെച്ചിരുന്ന നൂൽപ്പായ. കട്ടിലിന്റെ തലയ്ക്കൽ, ഓർമ്മകളുടെ ലോകത്തുനിന്ന് പുഞ്ചിരിക്കുന്ന അച്ഛന്റെ ഫ്രെയിം ചെയ്ത ചിത്രം. അലമാര തുറന്നപ്പോൾ കാലത്തിന്റെ ചില അവശേഷിപ്പുകളാണ് ആദ്യം പുറത്തുവന്നത്. ജീവിച്ചിരുന്നതിന്റെ ഭൗതിക തെളിവുകളായ ബാങ്ക് പാസ് ബുക്കുകൾ, മരുന്നുകുറിപ്പുകൾ, ഒപ്പം നിറം മങ്ങിയ ചില പഴയ ഫോട്ടോ ആൽബങ്ങളും. പെട്ടെന്നാണ് ആ തവിട്ടുനിറമുള്ള കവറിൽ മായയുടെ വിരലുകൾ തട്ടിയത്.
അതൊരു കത്തായിരുന്നു. അതിൽ അമ്മയുടെ കൈയക്ഷരം:
“പ്രിയപ്പെട്ട…”
അതിനുശേഷം ആ പേജിലുടനീളം വെറും ശൂന്യതയായിരുന്നു. അപൂർണ്ണമായ വരികൾ… എഴുതിത്തുടങ്ങിയിട്ട് പേന പെട്ടെന്ന് താഴെ വെച്ചതുപോലെ. ആ ഒരൊറ്റ വാക്കിന് താഴെ കറുത്ത മഷി പടർന്ന ഒരു ചെറിയ അടയാളം മാത്രം ബാക്കിയുണ്ടായിരുന്നു. അമ്മ അവിടെ ആരുടെയൊക്കെയോ പേര് എഴുതാൻ ആഗ്രഹിച്ചിരുന്നു, പക്ഷേ ആ പേനത്തുമ്പ് അവിടെത്തന്നെ നിന്നുപോയി. അമ്മ പറയാൻ ബാക്കിവെച്ചതെന്തോ ആ ശൂന്യതയിൽ ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. അരുണും ദേവനും മായയുടെ ഇരുവശത്തുമായി വന്നു നിന്നു. ഒരുപക്ഷേ ആർക്കെങ്കിലും കൂടുതൽ എഴുതിവെച്ച എന്തെങ്കിലും രഹസ്യങ്ങളോ, അല്ലെങ്കിൽ തങ്ങളെ അകറ്റിയ ആ പഴയ തർക്കങ്ങളെക്കുറിച്ചുള്ള അമ്മയുടെ പരിഭവങ്ങളോ ആകാം ഇതെന്നവർ ചിന്തിച്ചു.
“ഇത്… ഇതെന്താണ്? അമ്മ ആരുടെ പേരാണ് എഴുതാൻ ഉദ്ദേശിച്ചത്?” ദേവൻ പതുക്കെ ചോദിച്ചു. അവന്റെ ശബ്ദം ആ മുറിയിലെ നിശബ്ദതയിൽ അലിഞ്ഞുപോയി.
ആ രാത്രി, ആ കത്ത് ആ മേശപ്പുറത്തിരുന്നു. വിൽപ്പത്രത്തിൽ സ്വത്തുക്കൾ മൂന്നു ഭാഗങ്ങളായി തുല്യമായി വിഭജിച്ചിരുന്നതായി അഭിഭാഷകൻ അവരെ അറിയിച്ചു. അതിൽ തർക്കിക്കാൻ ഇനി ഒന്നും അവശേഷിച്ചിരുന്നില്ല. പക്ഷേ ആ അപൂർണ്ണമായ കത്ത്… ആ രാത്രിയിൽ അവർ മൂന്നുപേരും അതേ വീട്ടിൽ തങ്ങി;
ഭക്ഷണമേശയ്ക്ക് ചുറ്റും ഇരിക്കുമ്പോൾ സംഭാഷണങ്ങൾ ഇടയ്ക്കിടെ മുറിഞ്ഞുപോകുന്നുണ്ടായിരുന്നു.
“അമ്മ അവസാന ദിവസങ്ങളിൽ എന്തെങ്കിലും പറഞ്ഞിരുന്നോ?” മായ ചോദിച്ചു.
അരുൺ താഴേക്ക് നോക്കിക്കൊണ്ട് തലകുലുക്കി, “എന്നോട് പ്രത്യേകിച്ചൊന്നും പറഞ്ഞില്ല. പതിവ് കാര്യങ്ങൾ മാത്രം.”
ദേവൻ എഴുന്നേറ്റ് അല്പം മാറി ജനാലയ്ക്ക് പുറത്തെ ഇരുട്ടിലേക്ക് നോക്കിയിരുന്നു. അവൻ പതുക്കെ പറഞ്ഞു: “എന്നോട് ഒരിക്കൽ ചോദിച്ചു…”
അവർ രണ്ടുപേരും അവനെ നോക്കി.
“‘നിനക്ക് ഇപ്പോഴും അവരോട് ദേഷ്യമാണോ?’ എന്ന്.”
“നീ എന്തുപറഞ്ഞു?” മായ ചോദിച്ചു.
“ഞാൻ ഒന്നും പറഞ്ഞില്ല.” അവൻ മന്ത്രിച്ചു.
പിറ്റേന്ന് രാവിലെ, അവർ അമ്മയുടെ പഴയ സാധനങ്ങൾ ക്രമപ്പെടുത്താൻ തുടങ്ങി. പൊടിപിടിച്ച ഒരു വലിയ കാർഡ്ബോർഡ് പെട്ടി തുറന്നപ്പോൾ അതിൽ പഴയ ഫോട്ടോ ആൽബങ്ങളായിരുന്നു. ചെറുപ്പത്തിലെ ജന്മദിനങ്ങൾ, കടൽത്തീര യാത്രകൾ… ഓരോ ചിത്രത്തിലും അമ്മ നടുവിലായുണ്ട്; അവരെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരദൃശ്യ നൂൽ പോലെ. മേശയുടെ താഴെയായി ഒരു പഴയ ഡയറി ഇരിപ്പുണ്ടായിരുന്നു. അതിൽ ഓരോ പേജിലും ഓരോ മക്കളെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളായിരുന്നു.
“ഇന്ന് അരുണിനെ വിളിച്ചു. ക്ഷീണിച്ച ശബ്ദമായിരുന്നു.”
“മായ ചിരിച്ചുകൊണ്ടാണ് സംസാരിച്ചത്. പക്ഷേ ഉള്ളിൽ എന്തോ വിഷമമുണ്ട്.”
“ദേവൻ വീണ്ടും വരാമെന്ന് പറഞ്ഞു.”
അവർ ഓരോ പേജും മറിക്കുന്തോറും തങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ച് ജീവിച്ച ഒരു സ്ത്രീയുടെ ചിത്രം അവിടെ തെളിഞ്ഞുവന്നു. മായയുടെ കണ്ണുകൾ നിറഞ്ഞുതുടങ്ങിയിരുന്നു. അന്ന് വൈകുന്നേരം അയൽവീട്ടിലെ വൃദ്ധയായ സാവിത്രിയമ്മ അവരെ കാണാൻ വന്നു. സംസാരത്തിനിടയിൽ അവർ കൂട്ടിച്ചേർത്തു: “നിങ്ങളുടെ അമ്മ അവസാനമായി ആശുപത്രിയിൽ നിന്ന് വന്ന ആ ദിവസം കട്ടിലിന്റെ തലക്കലിരുന്ന് ഒരു കത്ത് എഴുതുകയായിരുന്നു. കൈകൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു.”
മൂവരും ഒരേസമയം അവരെ നോക്കി. “ആർക്കാണെന്ന് അമ്മ പറഞ്ഞില്ലേ?”
ഇല്ല എന്ന അർത്ഥത്തിൽ സാവിത്രിയമ്മ തലയാട്ടി.
അടുത്ത ദിവസം രാവിലെ, അമ്മയുടെ പഴയ തയ്യൽ മെഷീൻ മാറ്റുന്നതിനിടെ അതിന്റെ ഉള്ളിൽ നിന്ന് ഒരു ചെറിയ ടിൻ പെട്ടി അവർ കണ്ടെത്തി. അതിൽ കുട്ടിക്കാലത്തെ തങ്ങളുടെ വരകൾ, സ്കൂളിൽ നിന്ന് കിട്ടിയ ചില ചെറിയ മെഡലുകൾ, ദേവന്റെ പൊട്ടിയ ഒരു പ്ലാസ്റ്റിക് കളിപ്പാട്ടത്തിന്റെ കഷ്ണം, മായയുടെ പഴയ വളപ്പൊട്ടുകൾ… അങ്ങനെ അങ്ങനെ. അമ്മ തങ്ങളുടെ കുട്ടിക്കാലത്തെ അവിടെ ഭദ്രമായി പൂട്ടി വെച്ചിരിക്കുകയായിരുന്നു. അവയുടെയെല്ലാം അടിയിലായി മറ്റൊരു കടലാസ് മടക്കിവെച്ചിട്ടുണ്ടായിരുന്നു. അമ്മയുടെ കൈയക്ഷരം:
“ഈ കത്ത് ആരെ അഭിസംബോധന ചെയ്യണമെന്ന് എനിക്കറിയില്ല. അമ്മമാർ മക്കളെ വളർത്തുമ്പോൾ ഒരു തെറ്റ് ചെയ്യാറുണ്ട്. അവർ മക്കൾ എപ്പോഴും തങ്ങളുടേതായിരിക്കുമെന്ന് വിശ്വസിക്കുന്നു. പക്ഷേ മക്കൾ വളരുന്നത് അകലാൻ വേണ്ടിയാണ്. നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ ജീവിതം ജീവിച്ചു. അതിൽ ഞാൻ അഭിമാനിക്കുന്നു. എന്റെ മരണശേഷമെങ്കിലും നിങ്ങൾ ഒരുമിച്ച് ഒരു ദിവസം ചെലവഴിക്കണം. പരസ്പരം ആരാണ് തെറ്റ് ചെയ്തത് എന്ന് കണ്ടെത്താൻ ശ്രമിക്കരുത്. നിങ്ങൾ ചെറുപ്പത്തിൽ വഴക്കിട്ടാൽ ഞാൻ പറയുമായിരുന്നു — ‘ഇനി മതി, ചേർന്ന് ഇരിക്കൂ’ എന്ന്. ഇനിയത് പറയാൻ ഞാൻ ഉണ്ടാകുമോ എന്നറിയില്ല… പക്ഷേ, ഇനി മതി. ചേർന്ന് ഇരിക്കൂ. — അമ്മ.”
വൈകുന്നേരം അവർ മൂന്നുപേരും വീടിന്റെ ഉമ്മറത്ത് ഒരുമിച്ചിരുന്നു. അമ്മ നട്ട മാവിന്റെ ചുവട്ടിൽ അയൽപക്കത്തെ കുട്ടികൾ കളിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു.
“നിനക്ക് ഓർമ്മയുണ്ടോ?” മായ പതുക്കെ ചോദിച്ചു.
“എന്ത്?” അരുൺ തിരിഞ്ഞുനോക്കി.
“പണ്ട് കറന്റ് പോകുമ്പോൾ അമ്മ നമുക്ക് കഥ പറഞ്ഞുതന്നിരുന്നത്.”
അരുൺ ചെറുതായി പുഞ്ചിരിച്ചു. “അതിൽ നായകനായി എപ്പോഴും ദേവൻ ആയിരിക്കും.”
“നിങ്ങൾ രണ്ടുപേരും അന്ന് എന്നെ ഒരുപാട് കളിയാക്കുമായിരുന്നു,” ദേവൻ പറഞ്ഞു.
അമ്മയുടെ അസാന്നിധ്യത്തിൽ വർഷങ്ങൾക്ക് ശേഷം അവർ ഒരുമിച്ച് ചിരിച്ചു.
പിറ്റേന്ന് മടങ്ങിപ്പോകാൻ നേരമായപ്പോൾ അരുൺ വീടിന്റെ താക്കോൽ കയ്യിലെടുത്തു. “ഇത് ഇനി എന്തുചെയ്യണം?” അവൻ ചോദിച്ചു.
മായ പറഞ്ഞു: “ഇപ്പോൾ വിൽക്കണ്ട.”
ദേവൻ കൂട്ടിച്ചേർത്തു: “ഇടയ്ക്കൊക്കെ നമുക്കിവിടെ വരാം.”
അവർ യാത്രപറഞ്ഞു. കാറുകൾ മൂന്ന് ദിശകളിലേക്ക് നീങ്ങി. ശൂന്യമായ വീട്ടിലെ ജനാലയിലൂടെ സായാഹ്നവെളിച്ചം അകത്തേക്ക് വീണു തുടങ്ങി. കട്ടിലിന്റെ തലക്കലിരുന്ന അമ്മയുടെ ചിത്രം അതേ പുഞ്ചിരിയോടെ അവരെ യാത്രയാക്കി.
ഒരുപക്ഷേ എല്ലാ അമ്മമാരും ജീവിതാവസാനത്തിൽ എഴുതാൻ ആഗ്രഹിക്കുന്ന ഒരു കത്ത്. ചില കത്തുകൾ വായിക്കപ്പെടാനല്ല എഴുതപ്പെടുന്നത്; അകന്നുപോയ ഹൃദയങ്ങൾക്കിടയിൽ വീണ്ടും ഒരു വഴി തുറക്കാനാണ്.
മക്കൾ വളരുമ്പോൾ മാതാപിതാക്കൾ അവരുടെ ജീവിതത്തിൽ വെറും അതിഥികളാകുന്നു. ആദ്യം അവർ മക്കളുടെ തിരക്കുകൾക്ക് ഇടംവിട്ട് മാറിനിൽക്കും. പിന്നെ മക്കളുടെ തീരുമാനങ്ങളിൽ നിന്ന്. ശേഷം, ഓരോ ദിവസവും പങ്കിട്ടിരുന്ന ചെറിയ സംഭാഷണങ്ങളിൽ നിന്ന്. ഒടുവിൽ, അവരുടെ ഓർമ്മകളെ ചേർത്തുപിടിക്കാനായി മാത്രം മക്കൾ വീണ്ടും ഒന്നിക്കുമ്പോൾ, വൈകിയെത്തുന്ന ഒരു സത്യം ഉള്ളം തൊടും — സമയം ഒരിക്കലും ആർക്കും വേണ്ടി കാത്തുനിന്നിരുന്നില്ലെന്ന്…
Ashwin Anto K S
© 2026. All rights reserved by the author.
നിശബ്ദതയുടെ കാവൽക്കാരൻ
സത്യങ്ങൾ വിതുമ്പുന്ന, എന്നാൽ ഒരിക്കലും വെളിച്ചം കാണാത്ത നിശബ്ദതയുടെ ഒരു ഗൂഢലോകമുണ്ട്. ആകാശത്തിലെ നക്ഷത്രങ്ങൾക്കും ഭൂമിയിലെ മണൽത്തരികൾക്കും ഇടയിലുള്ള നിഗൂഢമായ ആ ശൂന്യതയിൽ, പുറത്തുവരാത്ത ഒരായിരം രോദനങ്ങൾ ശ്വാസം മുട്ടി കഴിയുന്നുണ്ട്. മൗനത്തിന്റെ ഈ മരവിച്ച സാമ്രാജ്യത്തിലേക്കാണ് അവൻ നടന്നു കയറിയത്.
അതെ, ഇത് വാക്കുകൾ മരിച്ച നിശബ്ദതയുടെ ലോകം !
ജനാലയിലൂടെ പതിഞ്ഞ വെളിച്ചത്തിന്റെ നേർത്ത വിരലുകൾ തഴുകിയപ്പോഴാണ് അവൻ പതുക്കെ കണ്ണ് തുറന്നത്. കണ്ണുകളെ മൂടിയ ഉറക്കത്തിൻറെ പോളകളെ തുടച്ചുനീക്കി തൻറെ മുറിയുടെ വാതിൽ തുറന്നു.
ഒരു ശീലമെന്നോണം അടുക്കളയുടെ സമീപം ചെന്നുനിന്ന് അവൻ അമ്മയെ നോക്കി.
“ നീ ഇപ്പഴാണോ എഴുന്നേറ്റത് ? ”- അമ്മ ചോദിച്ചു.
അമ്മയുടെ ആ വാക്കുകൾ കേട്ട് അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങവേ, അമ്മയുടെ അതേ ശബ്ദത്തിൽ മറ്റൊരു വാക്യം അവന്റെ കാതുകളിൽ തറച്ചു.
“അമ്മ എന്തെങ്കിലും ഇപ്പോൾ പറഞ്ഞോ ?”- അവൻ ചോദിച്ചു.
“ഇല്ല” അമ്മ മറുപടി പറഞ്ഞു.
വീണ്ടും അവൻ ആ ശബ്ദം കേട്ടു.
“അമ്മ അച്ഛനെപ്പറ്റി ഇപ്പൊ എന്തെങ്കിലും പറഞ്ഞോ?”-അവൻ വീണ്ടും ചോദിച്ചു.
ഇല്ല എന്ന അർത്ഥത്തിൽ അമ്മ തലയാട്ടി.
ആ നിമിഷം, അധരങ്ങൾ ഒന്നുപോലും ചലിക്കാതെ, അമ്മയുടെ ശബ്ദത്തിൽ വീണ്ടും ഒരു മന്ത്രണം പോലെ അമ്മയുടെ ചിന്തകൾ അവൻ കേട്ടു: “ഇവന് എന്തുപറ്റി? ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ ഇവൻ എങ്ങനെ അറിഞ്ഞു? ”
താൻ കേൾക്കുന്നത് അമ്മയുടെ ആത്മഗതങ്ങളാണെന്ന് തിരിച്ചറിഞ്ഞ ആ നിമിഷം , തന്റെ സിരകളിൽ ഒരു തണുപ്പ് പടരുന്നത് അവൻ അറിഞ്ഞു.തനിക്ക് മുന്നിൽ നിൽക്കുന്ന മനുഷ്യരുടെ മനസ്സിലെ നിശബ്ദതയെ ഭേദിക്കാൻ തനിക്ക് കഴിയുന്നു!
വിശ്വസിക്കാനാവാതെ അവൻ തൊട്ടടുത്തിരുന്ന തന്റെ അനുജനെ നോക്കി. താൻ കളിച്ചുകൊണ്ടിരിക്കുന്ന പാവയെപ്പറ്റിയുള്ള ആ കുട്ടിയുടെ നിഷ്കളങ്കമായ ആത്മഗതം കൂടി അവന്റെ സ്വന്തം ശബ്ദത്തിൽ കേട്ടപ്പോൾ, തനിക്ക് ലഭിച്ചിരിക്കുന്നത് അവിശ്വസനീയമായ ഒരു കഴിവാണെന്ന് അവൻ ഉറപ്പിച്ചു. മറ്റുള്ളവരുടെ ഹൃദയത്തിൻറെ ഉള്ളറകളിൽ ഉരുത്തിരിയുന്ന ചിന്തകൾ തിരിച്ചറിയാനുള്ള ഒരു സിദ്ധി തനിക്ക് ലഭിച്ചിരിക്കുന്നു എന്ന് അവൻ തിരിച്ചറിഞ്ഞു. അതൊരു തിരിച്ചറിവല്ലായിരുന്നു; മറിച്ച് പ്രകൃതിയുടെ നിഗൂഢമായ ഒരു തുറന്നുകാട്ടലായിരുന്നു.
തുടക്കത്തിൽ, ഈ പുതിയ സിദ്ധി അവനിൽ ഒരു കൗതുകത്തിന്റെ വസന്തം വിരിയിച്ചു. അവൻ തെരുവിലേക്ക് ഇറങ്ങി; തിരക്കേറിയ പാതയോരങ്ങളിൽ, മുഖംമൂടികൾ അണിഞ്ഞ മനുഷ്യരുടെ ഉള്ളിലെ യഥാർത്ഥ മുഖങ്ങൾ കാണാൻ അവൻ തന്റെ ദൃഷ്ടി പായിച്ചു. വഴിയിൽ കണ്ടുമുട്ടിയ അയൽക്കാരൻ വിനയത്തിന്റെ പുഞ്ചിരി തൂകുമ്പോഴും, അയാളുടെ ഉള്ളിൽ പുകയുന്ന അസൂയയുടെ വിഷപ്പുക അവൻ ശ്വസിച്ചു. വാർദ്ധക്യത്തിന്റെ അവശതയിൽ വടിയുമേന്തി നടക്കുന്ന വൃദ്ധന്റെ ഉള്ളിൽ, മരണത്തിന്റെ തണുപ്പിനേക്കാൾ ഭയാനകമായ ഏകാന്തതയുടെ നിലവിളി അവൻ കേട്ടു. പ്രണയം പറയാൻ അധരങ്ങൾ വിറയ്ക്കുന്ന കമിതാക്കളും, പ്രതികാരത്തിന്റെ വിത്തുകളുമായി നടക്കുന്ന വ്യക്തികളും അവന്റെ മുന്നിൽ വെളിപ്പെട്ടു. മനുഷ്യർ വാക്കുകൾ കൊണ്ട് മറച്ചുപിടിച്ച അഴുക്കുചാലുകളും ഹൃദയ വിചാരങ്ങളുമെല്ലാം അവന്റെ കാതുകളിൽ രഹസ്യങ്ങൾ മൊഴിഞ്ഞുകൊണ്ടിരുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ഉച്ചവെയിലിന്റെ തിളക്കത്തിൽ ആ അപകടം അവന്റെ കൺമുന്നിൽ നടന്നത്. നിയന്ത്രണം വിട്ടൊരു വാഹനം ഒരു ചെറുപ്പക്കാരനെ ചോരയുടെ ചായം പൂശി , വിശാലമായ പാതയോരത്തേക്ക് വലിച്ചെറിഞ്ഞു. ചോര വാർന്നു കിടക്കുന്ന ആ ദേഹത്തിന് ചുറ്റും ജനങ്ങൾ തടിച്ചുകൂടി.
ആ യുവാവിന്റെ പാതിയടഞ്ഞ മിഴികളിലേക്ക് അവൻ ആർദ്രതയോടെ നോക്കി. തകർന്നുപോയ ആ ഹൃദയത്തിൽ നിന്ന് ഒരൊറ്റ വാക്ക് മാത്രം ഒരു വിലാപമായി അവന്റെ കാതുകളിൽ വന്ന് തറച്ചു: “മാപ്പ്..”
ഉടൻതന്നെ ജനങ്ങൾ അവനെ ആംബുലൻസിലേക്ക് കയറ്റി. ആംബുലൻസിന്റെ സൈറൺ ശബ്ദങ്ങൾക്കിടയിലൂടെ ആശുപത്രിയുടെ മരവിച്ച ചുവരുകൾക്കുള്ളിലേക്ക് ആ യുവാവിനെ അവൻ പിന്തുടർന്നു. എന്നാൽ ആശുപത്രി പറ്റുമ്പോഴേക്കും ആ പ്രാണൻ കാറ്റിൽ അലിഞ്ഞ് ചേർന്നിരുന്നു. സ്ട്രെച്ചറിലെ ആ വെളുത്ത വിരിപ്പിൽ കിടന്ന് അവസാനമായി അവൻ ലോകത്തെ നോക്കിയപ്പോഴും, ആ കണ്ണുകൾ മാപ്പിനായി യാചിക്കുകയായിരുന്നു.
പുറത്ത് ആ യുവാവിന്റെ മാതാപിതാക്കളുടെ ഹൃദയം തകർന്നുള്ള കരച്ചിൽ ഉയർന്നു. എന്നാൽ ആ കരച്ചിലിനേക്കാൾ എത്രയോ മടങ്ങ് തീവ്രമായ ഒരു രോദനം അവരുടെ ആത്മാവിൽ നിന്ന് ഉയരുന്നത് അവൻ കേട്ടു. അവന് അത് അസഹനീയമായി തോന്നി.
അവൻ തന്റെ കാതുകൾ മൂടി.
പിന്നീട് അവൻറെ ദൃഷ്ടി പതിഞ്ഞത് അല്പം അകലെയായി ഒരു വശത്ത്, പ്രകാശമില്ലാത്ത മിഴികളോടെ നിൽക്കുന്ന ഒരു യുവതിയിലേക്കാണ്. അവളുടെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, കാലം മരവിപ്പിച്ചു കളഞ്ഞ കുറ്റബോധത്തിന്റെ നിഴൽ അവളിൽ പടരുകയായിരുന്നു. “എനിക്ക് മാപ്പ് കൊടുക്കാമായിരുന്നു…” -അവൾ ചിന്തിച്ചു.
ആ ചെറുപ്പക്കാരന്റെ ആരാവാം അവൾ ? അറിയില്ല; പക്ഷേ ആ ചെറുപ്പക്കാരന്റെ പശ്ചാത്താപത്തിന് ഇനി അർത്ഥമില്ലെന്ന് അവൻ അറിഞ്ഞു. മരണത്തേക്കാൾ വലിയ ശിക്ഷ, മാപ്പ് ലഭിക്കാത്ത പശ്ചാത്താപമാണെന്ന് അവൻ ആ നിമിഷം തിരിച്ചറിഞ്ഞു.
അന്ന് രാത്രിയിൽ അവന്റെ കണ്ണുകളെ ഉറക്കം തലോടിയില്ല.
തൻറെ പഴയ ജീവിതസാഹചര്യങ്ങളിലേക്ക് തിരികെ ചെല്ലാൻ അവൻ ആഗ്രഹിച്ചു. പിറ്റേന്ന് പതിവുപോലെ അവൻ തന്റെ വീട് വിട്ട് ഇറങ്ങി, അല്പം അകലെയായുള്ള ഒരു ഗ്രന്ഥശാലയിലേക്ക് കടന്നുചെന്നു-’ അത് നിശബ്ദതയുടെ മറ്റൊരു ലോകം.’
അവിടെ ഒരു വശത്തായി അധികം ആരും വരാൻ സാധ്യതയില്ലാത്ത ഭാഗത്ത് ഇരിപ്പുറപ്പിച്ചു.
പെട്ടെന്ന് ഒരാൺകുട്ടി അവനരികിലായി വന്നിരുന്നു. അവൻ ആ കുട്ടിക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷേ കുട്ടിയുടെ മുഖത്ത് യാതൊരു ഭാവഭേദവുമില്ല. മരവിച്ച ആ മിഴികളിൽ നോക്കിയപ്പോൾ അവന് ഒന്നും കേൾക്കാൻ കഴിഞ്ഞില്ല. തന്റെ സിദ്ധി നഷ്ടപ്പെട്ടോ എന്ന് അവൻ പരിഭ്രമിച്ചു. ആ കുട്ടി അവിടെ നിന്ന് എഴുന്നേറ്റു നടന്നപ്പോൾ, അദൃശ്യമായ ഏതോ നൂലിനാൽ കെട്ടപ്പെട്ടതുപോലെ അവൻ ആ കുട്ടിയെ പിന്തുടർന്നു.
ജനവാസമില്ലാത്ത ഒരു പഴയ വീടിന് മുന്നിൽ ആ ബാലൻ നിശ്ചലനായി നിന്നു. കാലപ്പഴക്കത്താൽ ചാരനിറം ബാധിച്ച ആ ഭവനം, ആത്മാവ് നഷ്ടപ്പെട്ട ഒരു മൃതശരീരം പോലെ ശൂന്യമായ മിഴികളോടെ അവനെ നോക്കി. അടുത്ത കാലത്തൊന്നും ആരും ആ വീട്ടിൽ താമസിച്ചിട്ടില്ലെന്ന് അവന് തോന്നി. അവൻ ആ വീടിന് ചുറ്റും നടന്നു . എന്നാൽ ആരെയും കണ്ടെത്താൻ സാധിച്ചില്ല.
പതിയെ ഉമ്മറത്തിനു സമീപം വന്നു നിന്നു. ഉമ്മറത്തേക്ക് കാലെടുത്തു വെച്ച നിമിഷം, തണുത്ത കാറ്റിലലിഞ്ഞ് ഒരായിരം മനുഷ്യരുടെ ശ്വാസങ്ങൾ ഒരേസമയം തന്റെ കാതുകളിൽ ഒരു ഇരമ്പൽ പോലെ അലയടിക്കുന്നത് അവൻ കേട്ടു. ഭയം ഒരു കരിനിഴലായി അവന്റെ ഉള്ളിൽ പടർന്നു.
പതിയെ ആ വാതിൽ തുറന്ന് വീടിൻറെ ഉള്ളിലേക്ക് കണ്ണോടിച്ചു. ആ വീടിനുള്ളിലെ അലമാരകളിൽ ആയിരക്കണക്കിന് സ്ഫടിക ഭരണികൾ നിരനിരയായി ഇരിക്കുന്നു. അവയ്ക്കുള്ളിൽ ചലനമറ്റ പുകപടലങ്ങൾ പോലെ ഓരോ ശ്വാസങ്ങൾ ! ഇത് കേവലം പാത്രങ്ങൾ ആയിരുന്നില്ല, മനുഷ്യർ പറയാൻ ആഗ്രഹിച്ചിട്ടും ഭയത്താൽ പുറത്തുവിടാതെ ഉള്ളിൽ ശ്വാസം മുട്ടിച്ചുകൊന്ന ഒരായിരം സത്യങ്ങളുടെ ശവപ്പെട്ടികളായിരുന്നു .
കൗതുകത്തിന്റെ ഒരു നേർത്ത വിരൽത്തുമ്പാൽ അവൻ ആദ്യത്തെ ഭരണി തുറന്നു. ആ നിമിഷം, തനിക്ക് തികച്ചും അപരിചിതമായ ഒരു സ്വരത്തിൽ, ആരോ പറയാതെ അവശേഷിപ്പിച്ച ഒരു രഹസ്യം ആ മുറിയിൽ അലയടിച്ചു. ആ വാക്കുകളുടെ ഭാരം അവന്റെ ഉള്ളിൽ അസ്വസ്ഥതയുടെ വിത്തുകൾ പാകി.
അടക്കാനാവാത്ത ആകാംക്ഷയോടെ അവൻ ഓരോ ഭരണികളായി തുറക്കാൻ തുടങ്ങി. ഭയവും വെറുപ്പും ചതിയും നിറഞ്ഞ അനേകം ശബ്ദങ്ങൾ ആ ഇടുങ്ങിയ മുറിയിൽ മുഴങ്ങിത്തുടങ്ങി. താൻ അറിയാൻ ആഗ്രഹിക്കാത്ത, ഈ ലോകത്തിന്റെ മലീമസമായ രഹസ്യങ്ങൾ ഓരോന്നായി കേൾക്കുമ്പോൾ അവന്റെ ഹൃദയം ഒരു പിടച്ചിലോടെ ചുരുങ്ങുകയായിരുന്നു.
മുറിയുടെ ഏറ്റവും അറ്റത്തായി, ഒരു നിഗൂഢ പ്രഭയോടെ ഇരുന്ന ഒരു ഭരണി അവൻ കൈയിലെടുത്തു. അത് തുറന്ന നിമിഷം, ആ മുറിയിലെ സകല ശബ്ദങ്ങളും നിലച്ചു. ആ സ്ഫടിക പാത്രത്തിൽ നിന്ന് പുറത്തുവന്നത് അവന്റെ തന്നെ ശബ്ദമായിരുന്നു!
‘മാന്യതയുടെ മുഖംമൂടി അണിഞ്ഞ തന്റെ മാതാപിതാക്കൾ, കുടുംബത്തിന്റെ ഐശ്വര്യത്തിനും സമ്പത്തിനും വേണ്ടി, അന്ധവിശ്വാസങ്ങളുടെ പേരിൽ സ്വന്തം മകനെത്തന്നെ ഹോമിച്ചിരിക്കുന്നു! ’
തൻറെ തന്നെ അച്ഛനും അമ്മയും , സത്യത്തിൽ തന്റെ പ്രാണനെ കവർന്നെടുത്ത ഘാതകരായിരുന്നു എന്ന തിരിച്ചറിവ് അവനെ നിശ്ചലനാക്കി. സ്നേഹത്തിന്റെ വേഷമിട്ട ആ ക്രൂരതയ്ക്ക് മുന്നിൽ തന്റെ ജീവിതം വെറുമൊരു നിഴൽ മാത്രമായിരുന്നുവെന്ന് അവൻ തിരിച്ചറിഞ്ഞു. തൊട്ടപ്പുറത്തായി പൊട്ടിച്ചിതറി കിടന്ന കണ്ണാടി ചില്ലുകളിലേക്ക് അവൻ നോക്കി. ആ കണ്ണുകൾ നിറഞ്ഞിരുന്നു. ആ മുഖത്ത് ഭാവഭേദമില്ല. മരവിച്ച മിഴികൾ !
ആ സത്യം ഒരു കാളകൂടവിഷം പോലെ അവന്റെ സിരകളിൽ പടർന്നപ്പോൾ, ഹൃദയത്തിൽ നിന്ന് തൊണ്ടക്കുഴിയിലേക്ക് ഇരച്ചുകയറിയ എന്തോ ഒന്ന് അവിടെത്തന്നെ തടഞ്ഞുനിന്നു; അധരങ്ങൾക്കിടയിലൂടെ ഒരു വാക്കുപോലും പുറത്തുവരാതെ , ശിലപോലെ അവ ഉറച്ചുപോയി. ലോകത്തോട് വിളിച്ച് കരയാൻ ആഗ്രഹിച്ച വാക്കുകളെല്ലാം ആ സ്ഫടിക ഭരണികളിലെ ശ്വാസം പോലെ എന്നന്നേക്കുമായി തടവിലാക്കപ്പെട്ടത് അവൻ തിരിച്ചറിഞ്ഞു. സത്യത്തിന്റെ ആ അസഹനീയമായ ഭാരത്താൽ അവന്റെ സംസാരശേഷി അറ്റുവീണു. അതെ, പുറത്തുവരാത്ത സത്യങ്ങൾ വിതുമ്പുന്ന ആ നിഗൂഢ ലോകത്തെ ഏകാകിയാം കാവൽക്കാരനായി അവൻ മാറി.
കാരണം സത്യങ്ങൾ വിതുമ്പുന്ന, എന്നാൽ ഒരിക്കലും വെളിച്ചം കാണാത്ത നിശബ്ദതയുടെ ഒരു ലോകമായിരുന്നല്ലോ അത് !
The above story, titled “നിശബ്ദതയുടെ കാവൽക്കാരൻ” (The Guardian of Silence), explores the haunting reality of a man gifted with the power to hear unspoken thoughts. It delves into the dark secrets we carry and the tragic price of knowing the absolute truth.
[ What if you could hear the secrets people are too afraid to speak?
This story follows a young man gifted with the unsettling power to hear unspoken thoughts. His journey leads him to a mysterious house filled with glass jars, each trapping a “stifled truth” like a silent scream. But when he uncovers a final, devastating secret about his own past, he realizes that the weight of the truth is a burden no voice can carry. In a world where masks are the norm, this story unveils the haunting reality of truths that are suffocated by fear and societal pressure. ]
[ This story was originally published in the 2026 annual magazine of St. Joseph’s College of Engineering and Technology (SJCET), Palai; all rights remain with the author. ]