ഒറ്റയാൾ പട്ടാളം
ചീറിപ്പാഞ്ഞു വന്ന ‘അമ്മേ നാരായണ’ ആ ചെറിയ കവലയിലെത്തിയപ്പോൾ പെട്ടെന്ന് ബ്രേക്ക് ചവിട്ടി. വഴിവക്കിലെ തട്ടുകടയിലേക്ക് ഇടിച്ചു കയറി എന്ന് തോന്നും വിധം ഇടതു വശത്തെ ചക്രങ്ങൾ ടാറിട്ട റോഡിന്റെ പുറത്തേക്കിറക്കി ചെമ്മണ്ണ് പാറ്റിച്ചുകൊണ്ട് ഡ്രൈവർ രവി വണ്ടി നിർത്തി. സമയം കൃത്യം 9:40. വണ്ടി പൂർണമായും നിശ്ചലമാകും മുൻപ് തന്നെ അതിലെ യാത്രക്കാരെ ഇറക്കിവിടാനും പുതിയവരെ കയറ്റാനും കണ്ടക്ടർ ധൃതികാട്ടി. ഇന്നിനി മൂന്ന് തവണ കൂടി ‘അമ്മേ നാരായണ’ അതുവഴി മരണപാച്ചിൽ നടത്തും. ഇറങ്ങിയവരുടെ കൂട്ടത്തിൽ ബാലനും ഉണ്ടായിരുന്നു. കവലയിലെ കടകളിൽ കൂട്ടത്തിൽ അൽപം ചേർച്ചയില്ലാത്തതെന്നു തോന്നുന്ന വലിയ കെട്ടിടത്തെ ലക്ഷ്യമാക്കി അയാൾ നടന്നു. മുണ്ടും ഷർട്ടും ആണ് വേഷം. കയ്യിൽ ഒരു പ്ലാസ്റ്റിക് സഞ്ചിയുമുണ്ട്. “മുംതാസ് ടെക്സ്റ്റൈൽസ്” എന്ന് വലിയ അക്ഷരങ്ങളിൽ എഴുതി അതിനു ചുറ്റും പല നിറങ്ങളുള്ള ബൾബുകൾ ഘടിപ്പിച്ച ആ വലിയ കെട്ടിടത്തിന്റെ മുന്നില് എത്തിയപ്പോൾ അയാൾ നിന്നു. ഷട്ടർ പകുതി ഉയർത്തിയ നിലയിലായിരുന്നു. മുഴുവനായും ചില്ല് പാകിയ മുൻവശത്തെ വാതിലിലൂടെ കൗണ്ടറിൽ ഇരിക്കുന്ന ഉടമ മജീദിനെ ഇപ്പോൾ കാണാം. യൂണിഫോം ധരിച്ച ഒരു സേൽസ്മാൻ മനുഷ്യരൂപമുള്ള പ്രതിമ മുൻ വശത്തെ ചില്ലുകൂട്ടിനുള്ളിൽ എടുത്തു വയ്ക്കുന്നു. താഴെ ഉപഭോക്താക്കൾക്കായുള്ള പാർകിങ്ങ് സംവിധാനത്തിന്റെ ഒരു വശത്തായുള്ള മൂത്രപ്പുരയിൽ ചെന്ന് അയാൾ കയ്യിലെ സഞ്ചിയിലുണ്ടായിരുന്ന വേഷത്തിലേക്ക് മാറി. കാക്കി നിറത്തിലുള്ള ഷർട്ടും പാൻറ്സും. തലയിൽ തൊപ്പിയും വച്ച് കടയിലേക്ക് കയറുമ്പോൾ അടുത്തുള്ള ചെറിയ മുറിയിൽ ഭാസ്കരനും സൗദാമിനിയും ജോലി തുടങ്ങിയിരുന്നു — കടയിൽ നിന്നും വാങ്ങുന്ന തുണിത്തരങ്ങൾ തയ്ക്കുകയും ചെറിയ മിനുക്കുപണികൾ സൗജന്യമായി ചെയ്തുകൊടുക്കുകയും ചെയ്യുന്ന തയ്യൽക്കാർ.
ആഴ്ചയിൽ ആറു ദിവസം അയാൾ ഇവിടെ വരുന്നു. 9:40 നുള്ള ബസ്സിൽ വന്നിറങ്ങുന്നു. കടയിൽ വന്നു ഈ വേഷം കെട്ടുന്നു. നേരം ഇരുട്ടും വരെ ചുണ്ടിൽ ഒരു വിസിലും വച്ച് കടയുടെ പുറത്തുള്ള സ്റൂളിൽ ഇരിക്കുന്നു. രാത്രി കൃത്യം 7:25ന് അതേ ബസ്സിൽ തിരിച്ചു പോകുന്നു. ഒന്നും പതിവിനു വിപരീതമായി നടക്കുന്നില്ല. ഒരു ഹർതാലും ഒരു ആഘോഷവും അയാളുടെ ദിനചര്യ തെറ്റിക്കുന്നില്ല. അമ്മേ നാരായണ പോലും കാലത്തും വൈകീട്ടും നേരം തെറ്റി ഓടുന്നില്ല.
അയാളുടെ ഷർട്ടിൽ ഒരു ഓർമ്മപ്പെടുത്തൽ എന്നപോലെ ഇംഗ്ലീഷിൽ “SECURITY” എന്ന് തയ്ച്ചു വച്ചിരിക്കുന്നു. കടയിലെ സുരക്ഷ ഉദ്യോഗസ്ഥൻ. ആദ്യമായി ആ വാക്ക് അയാൾ കേൾക്കുന്നത് ബഹാദൂർ സാബിൽ നിന്നുമാണ്. പട്ടാളത്തിൽ ചേർന്ന് പരിശീലനം കഴിഞ്ഞ ദിവസം സിപാഹികളെ അഭിസംബോധന ചെയ്ത സൂബേദാർ ബഹാദൂർ സിങ്ങിൽ നിന്നും. ബിഹാർ റെജിമെന്റിൽ സിപാഹിയായിരുന്നു ബാലൻ കുറേക്കാലം. പിരിഞ്ഞു വന്നതിൽ പിന്നെ ഇവിടെ ആണ്…
എന്താണ് ആ കടയിൽ അയാളുടെ ജോലി? അവിടെ ചേർന്ന ദിവസം കടയുടമ മജീദ് അയാളോട് അത് വിശദീകരിക്കാൻ കൂട്ടാക്കിയില്ല. ഒരു പക്ഷെ അയാൾക്ക് തന്നെ അത് നിശ്ചയമില്ലായിരുന്നിരിക്കും. ഒറ്റവാക്കിൽ ‘സെക്യൂരിറ്റി’ എന്ന് മാത്രം പറഞ്ഞു നിർത്തിയതയാൾ ഓർക്കുന്നു. ആ കടയിലുള്ളവരുടെ സുരക്ഷ ഉറപ്പു വരുത്തലാണോ തന്റെ ഉത്തരവാദിത്വം എന്നയാൾ ചിന്തിച്ചു നോക്കിയിട്ടുണ്ട്. ആരാണ് അവിടെ അരക്ഷിതാവസ്ഥ അനുഭവിക്കുന്നത്? കടയിലെ ജീവനക്കാരോ…അതോ ഉപഭോക്താവോ..അതോ അയാൾ തന്നെയോ? ആ സ്റ്റൂളിൽ വെറുതെ ഇരിക്കുന്ന നേരത്ത് അവിടെ മരിച്ചു വീണാൽ പട്ടിണിയാവുന്ന തന്റെ കുടുംബം നേരിടുന്ന അരക്ഷിതത്വം ഒന്നും ആ കടയ്ക്കകത്തെ മനുഷ്യരിൽ അയാൾക്ക് കാണാൻ കഴിഞ്ഞില്ല. അല്ലെങ്കിലും അവിടെ ഒരു ഭീകരാക്രമണം ഒന്നും ഉണ്ടാവാനില്ല. കൊള്ളക്കാരും കയറാനില്ല. ആ കടയ്ക്കകത്തുള്ളവരേക്കാൾ വലിയ ഭീകരന്മാരോ കൊള്ളക്കാരോ പുറത്തുണ്ടാവാൻ വഴിയില്ല. ആ കടയുടെ മുറ്റത്തേക്ക് കയറി വരുന്ന തെരുവുപട്ടിയെ ഓടിക്കാൻ പോലുമുള്ള ഒരു ആയുധം അയാളുടെ പക്കലില്ല. 18-ആം വയസ്സിൽ തോക്ക് പിടിച്ച ജവാന്റെ നിഴൽ മാത്രമാണ് ഇന്നയാൾ.
Get Scribe’s stories in your inbox
Join Medium for free to get updates from this writer.
സമയം ഉച്ചയോടടുക്കുന്നു. താഴെ മനുഷ്യന്റെ വിളയാട്ടത്തിന് കുറെ സമയം മൂക സാക്ഷിയായി നിന്ന സൂര്യൻ ആക്രോശത്തോടെ കത്തി ജ്വലിക്കാൻ തുടങ്ങിയിരിക്കുന്നു. അവന്റെ കോപത്തിൽ ഉരുകിയൊലിക്കുന്ന രശ്മികൾ ഇപ്പോൾ നെറുകയിൽ പതിക്കുന്നുണ്ട്. തൊപ്പി അഴിച്ചു നെറ്റിത്തടത്തിലെ വിയർപ്പുതുള്ളികൾ തുടച്ചുകൊണ്ട് അയാള് കടയുടെ അകത്തേക്ക് നോക്കി. ശീതീകരിച്ച വിശാലമായ അകത്തളത്തിൽ യൂണിഫോം ധരിച്ച സെയിൽസ് ഗേൾ ഒരു താലത്തിൽ വിവിധ നിറത്തിലുള്ള തണുത്ത പാനീയങ്ങൾ കൊണ്ട് നടക്കുന്നു. കുട്ടികൾ പല നിറത്തിലുള്ളവ മാറി മാറി പരീക്ഷിച്ചു നോക്കുന്നു. ദാഹം അടങ്ങാത്തവരെ തേടി വിവിധ നിറങ്ങളിലുള്ള കുപ്പി ഗ്ലാസുകൾ ആ അകത്തളത്തിൽ കറങ്ങി നടക്കുന്നുണ്ട്. അയാൾ ആ കടയ്ക്കകത്ത് കയറിയിട്ടുള്ളത് മാസാവസാനം ശമ്പളം വാങ്ങാൻ മാത്രാമാണ്. അകത്തു തണുത്ത കാറ്റും റോസാപ്പൂവിന്റെ വാസനയും ആണ്. ആ കാറ്റും മണവും നിറമുള്ള തണുത്ത പാനീയങ്ങൾ പോലെ ആ അകത്തളത്തിൽ തന്നെ കറങ്ങി നടക്കുന്നു. ചില്ല് വാതിലിനു പുറത്ത് അടുത്തുള്ള വയലിലെ മുട്ടോളം കെട്ടിക്കിടക്കുന്ന വെള്ളത്തിലെ അഴുകിയ പായലിന്റെ ഗന്ധമാണ്. മേശപ്പുറത്തെ സഞ്ചിയിൽ നിന്നും സ്വന്തം ഭക്ഷണപ്പൊതി അഴിച്ചു മണത്തു നോക്കാൻ തോന്നി അയാൾക്ക് . ഊണിനു സമയമായി വരുന്നു. ഇന്ന് കോഴിക്കറി ഉണ്ട്. മകളും ഭർത്താവും ഇന്നലെ വീട്ടിൽ വന്ന വകയിൽ ഉണ്ടാക്കിയതാണ്. ഭാസ്കരനും സൗദമിനിക്കും ഒപ്പമാണയാൾ ഭക്ഷണം കഴിക്കുന്നത്. തയ്യൽ മെഷീനുകൾക്കൊപ്പം പങ്കയുടെ കാറ്റുകൊണ്ടുള്ള ആ അര മണിക്കൂർ നേരം — ഒരു പകൽ തീരുമ്പോൾ ഓർമ്മയുടെ സമ്പാദ്യം.
ഊണ് കഴിഞ്ഞ് തലയിൽ തൊപ്പി ഇല്ലാത്ത പത്ത് നിമിഷങ്ങൾ കൂടി. ചുണ്ടത്തൊരു ബീഡി കത്തിച്ചു വച്ച് ബാലൻ കടയുടെ മുൻവശത്തെ ചില്ലുകൂട്ടിനുള്ളിലെ പ്രതിമയെ നോക്കി. “ഊണ് കഴിക്കാൻ പോകുന്ന കുറച്ച് സമയം വേണമെങ്കിൽ ഞാൻ ആ കാക്കി കുപ്പായവും തൊപ്പിയും അണിഞ്ഞ് നിൽക്കാം. പ്രത്യേകിച്ച് ഒരു വികാരവും കൂടാതെ യാതൊന്നിനോടും പ്രതികരിക്കാതെ ഞാനും കാവലിരിക്കാം. നിങ്ങൾ ആ ചില്ലുകൂട്ടിന് പുറത്തുനിന്ന് ചെയ്യുന്നത് ഞാൻ അതിനകത്ത് നിന്നുചെയ്യാം”… പ്രതിമ തന്നോട് പറയാൻ ശ്രമിക്കുന്നതായി അയാൾക്ക് തോന്നി. അതിർത്തിയിൽ പോകേണ്ടി വന്നിട്ടില്ലെങ്കിലും ഒരു വിളിപ്പാടകലെയാണത് എന്ന ഒരു തോന്നലുണ്ടായിരുന്നു എപ്പോഴും. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ നിങ്ങൾ ജവാന്മാരിൽ ആണെന്ന് സൂബേദാർ ബഹാദുർ സാബ് കൂടെ കൂടെ ഒർമിപ്പിക്കുമായിരുന്നു. ഇന്നത് അയാളോട് പറയാതെ പറയുന്നത് കാക്കിയിൽ തയ്ച്ചുവച്ച കറുത്ത അക്ഷരങ്ങൾ ആണ്. അത് അഴിച്ച് വെറുമൊരു പ്രതിമയ്ക്ക് ഇട്ടു കൊടുക്കാൻ അയാൾക്ക് മനസ്സ് വന്നില്ല.അല്പസമയത്തേക്ക് പൊങ്ങി വന്ന ആത്മാഭിമാനവും ബീഡിയും എരിഞ്ഞടങ്ങിയപ്പോൾ അയാൾ വീണ്ടും ആ വാതിലിനു മുന്നിൽ ചെന്ന് നിന്നു.
ഉച്ചമയക്കത്തിനെന്ന പോലെ സൂര്യൻ ഒരല്പം പടിഞ്ഞാറോട്ട് തല ചായ്ച്ച് കിടന്നു. കുറച്ചുനേരം ആളിക്കത്തി ആരോടൊക്കെയോ പ്രതിഷേധിച്ചതിനു ശേഷം അവനും തളർന്നിരിക്കുന്നു. പടിഞ്ഞാറ് നിന്നും കടൽകാറ്റ് വീശുന്നുണ്ട്. അഴുകിയ പായലിന്റെ ഗന്ധം ഇപ്പോൾ കൂടുതൽ രൂക്ഷമാവാൻ തുടങ്ങിയിരിക്കുന്നു. അയാൾക്ക് ശ്വാസം മുട്ടുന്നതുപോലെ തോന്നി. അടഞ്ഞു പോകുന്ന കൺപോളകളെ താങ്ങി നിർത്താൻ ബാലൻ വീണ്ടും കടയുടെ അകത്തേക്ക് നോക്കി. ആൾത്തിരക്ക് ഒഴിഞ്ഞ സമയം. സ്ത്രീകളും പുരുഷന്മാരുമായ ജോലിക്കാർ കൂട്ടമായി ഇരുന്നു പരസ്പരം സംസാരിച്ചും തമാശകൾ പങ്കു വച്ചും ചിരിക്കുന്നു. ചിലർ മൊബൈൽ ഫോണിൽ കണ്ണ് നട്ടിരിക്കുന്നു. അവരെ കാണുമ്പോൾ താനും അവരും ഒരേ കടയിലെ ശമ്പളം പറ്റുന്ന തൊഴിലാളികൾ ആണോ എന്ന് ബാലൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്. കടയുടെ ശീതീകരിച്ച അകത്തളത്തിൽ റോസാപ്പൂവിന്റെ മണം ശ്വസിച്ചു നടക്കുന്ന അവർക്ക് പുറത്തെ വെയിലും മനം പുരട്ടുന്ന പായലിന്റെ ഗന്ധവും അന്യമാണ്. ഒന്ന് രണ്ടു ചെറുപ്പക്കാർ ഒഴിച്ച് ആ കടയിലെ മറ്റാരും തന്നെ ഒരിക്കൽപോലും അയാളോട് സംസാരിക്കാൻ വന്നിട്ടില്ല. അവർ തന്നെ എല്ലാ മാസവും ആദ്യ രണ്ടു ദിവസങ്ങളിൽ മാത്രമാണയാളെ അയാളെ തിരക്കി വന്നിരുന്നത്. ആദ്യമായി അവർ തന്നെ അന്വേഷിച്ചുവന്നത് ബാലൻ ഓർത്തു . ഈ അടുത്തായിരുന്നു അത് - താഴെ എന്തോ തയ്ച്ചുകൊണ്ടിരുന്ന ഭാസ്കരനോട് സംസാരിച്ചു നിൽക്കുമ്പോൾ. ആദ്യം അയാൾക്ക് അത്ഭുതമാണ് തോന്നിയത്. ആ കടയ്ക്കകത്ത് ആരെങ്കിലും തന്നെ ശ്രദ്ധിച്ചിരുന്നോ…ഒരൽപനേരം ആ കടയുടെ മുന്നിൽ അയാളെ കാണാതിരുന്നാൽ തിരക്കി വരാൻ ആൾക്കാർ ഉണ്ടോ എന്ന ആശ്ചര്യം. പട്ടാളത്തിൽ ആയിരുന്നു എന്ന് മനസ്സിലാക്കി മിലിറ്ററി കോട്ടയിൽ കിട്ടുന്ന മദ്യക്കുപ്പികൾ തരപ്പെടുമോ എന്നന്വേഷിക്കാൻ ആണ് അവർ അയാളെ തിരഞ്ഞത്. പട്ടാള പെൻഷൻ കൊണ്ട് കുടുംബം പോറ്റാൻ കഴിഞ്ഞില്ലെങ്കിലും ആ വകയിൽ കിട്ടുന്ന രണ്ടു കുപ്പി മദ്യത്തിന്റെ വില അവിടെവച്ചയാൾ തിരിച്ചറിഞ്ഞു. മാസത്തിലെ രണ്ടു ദിവസമെങ്കിൽ അത്ര…തന്നെയും അന്വേഷിക്കാൻ ആൾക്കാർ ഉണ്ടെന്നും തന്നെക്കൊണ്ട് ആർക്കൊക്കെയോ ആവശ്യങ്ങൾ ഉണ്ടെന്നുമുള്ള ഒരു തോന്നൽ ഉളവാക്കാനെങ്കിലും മദ്യത്തിനു കഴിയുന്നു. തിറ കെട്ടിയാടുന്ന കീഴ്ജാതിക്കാരന് ഉത്സവത്തിന്റെ നാളുകളിൽ മേല്ജാതിക്കാരനിൽ നിന്നും കിട്ടുന്ന കപടബഹുമാനം…
അൽപ നേരത്തിനു ശേഷം ഒരു കാർ കടയുടെ മുന്നിലെത്തി ഹോൺ മുഴക്കി. ചുണ്ടത്തെ വിസിലും ഊതിക്കൊണ്ട് ബാലൻ ആ കാറുകാരന് നിർദേശം നൽകി. വീണ്ടും അയാൾ വാതിലിന്റെ മുൻവശത്ത് പോയി തന്റെ സ്ഥാനം പിടിച്ചു. അവധിക്കു നാട്ടിൽ വന്ന ഏതോ ഗൾഫ്കാരനും കുടുംബവും ആയിരിക്കണം…അയാൾ മനസ്സിൽ ഉറപ്പിച്ചു. കുട്ടികൾക്ക് നേരംപോക്കിനായി ഒരുക്കിയ ചെറിയ മുറിയിൽ സ്വന്തം മക്കളെ ഇറക്കിവിട്ട് അച്ഛനും അമ്മയും തുണിത്തരങ്ങൾ വാങ്ങുന്നതിൽ മുഴുകി. മുതിർന്നവർ മത്സരിച്ചു വിലകൂടിയ വസ്ത്രങ്ങൾ വാങ്ങിക്കൂട്ടുന്നതിന് കുട്ടികളുടെ കളികൾ ഒരു ശല്യമാവാതിരിക്കട്ടെ…അങ്കണവാടിയിലെന്ന പോലെ കുട്ടികൾക്ക് കഴിക്കാൻ പാലും ബിസ്ക്കറ്റും. കുറച്ചു കൂടി കഴിഞ്ഞാൽ അവർക്കും ഏർപ്പെടുത്തുമോ യൂണിഫോം? എന്തോ ഓർത്തിട്ടെന്നപോലെ അയാൾ ചിരിച്ചു. തുടങ്ങിയിരിക്കുന്നു. പടിഞ്ഞാറ് നിന്നും ചെറിയ കാറ്റിപ്പോഴും വീശുന്നുണ്ട്. സ്വപ്നം തക്കം പാർത്തിരിക്കുന്നു. കൺപോളകൾ അടഞ്ഞു പോകേണ്ട താമസമേയുള്ളൂ…
ചുവന്ന നിറത്തിലുള്ള ഒരു വാഹനം കടയുടെ മുന്നിലെത്തി സെക്യൂരിറ്റിയെ നോക്കി അലറിവിളിച്ചു. ചുണ്ടത്ത് വിസിലും തലയിൽ തൊപ്പിയുമായി കാക്കി കുപ്പായമണിഞ്ഞ ഒരാൾ ഓടി കാറുടമയുടെ മുന്നിൽ വന്നു നിന്നു. ശീതീകരിച്ച കാറിന്റെ മുൻവശത്തെ കറുത്ത ചില്ല് താഴ്ത്തി ബാലൻ ആ തൊപ്പിക്കാരനെ നോക്കി. അയാൾക്ക് മജീദിന്റെ ഛായയുണ്ടായിരുന്നു. കാർ ഒരുവശത്ത് ഒതുക്കി വച്ച് കടയിൽ കയറുന്നതിന് മുൻപ് അയാൾ തന്റെ ഭാര്യയേയും മകളെയും ഭാസ്കരന് പരിചയപ്പെടുത്തി. പേരക്കുട്ടിയെ കളിസ്ഥലത്ത് ഇറക്കിവിട്ട് ഭാര്യയും മകളും വസ്ത്രങ്ങൾ നോക്കുന്നതിൽ മുഴുകി. ബാലൻ മുൻവശത്തെ കൗണ്ടറിൽ ചെന്ന് നിന്ന് ഉടമയോട് കുശലാന്വേഷണം നടത്തി. ഇടയ്ക്കിടയ്ക്ക് അയാൾ പേരക്കുട്ടിയെ നിരീക്ഷിച്ചു. അവൾ ഇപ്പോൾ ബിസ്ക്കറ്റ് കഴിക്കുന്നു. മഞ്ഞ നിറത്തിലുള്ള തണുത്ത വെള്ളം ആരോ അയാൾക്ക് നേരെ വച്ചുനീട്ടി. കടയുടെ അകത്ത് ഇപ്പോഴും തണുത്ത കാറ്റും റോസാപ്പൂവിന്റെ ഗന്ധവും തളം കെട്ടിക്കിടക്കുന്നു. ഒന്നിനും ഒരു മാറ്റവുമില്ല. ചുറ്റും നോക്കുന്നതിനിടെ അയാള് ശ്രദ്ധിച്ചു. ചില്ലുകൂട്ടിനകത്ത് പ്രതിമ കാണുന്നില്ല. പുറത്തുള്ള സ്ടൂളിൽ കറുത്ത അക്ഷരങ്ങളിൽ “SECURITY” എന്നെഴുതിയ കാക്കി കുപ്പായമണിഞ്ഞ് പ്രതിമ അയാളെ നോക്കുന്നുണ്ടായിരുന്നു.








